രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹമായ 2024 ഒഎന്‍ (2024 ON Asteroid) ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തും. 720 അടി (219.456 മീറ്റര്‍) വ്യാസം വരുന്ന ഈ ഛിന്നഗ്രഹം സമീപകാലത്ത് ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന ഏറ്റവും വലിയ ഛിന്നഗ്രഹമാണ്.

2024 ഒഎന്‍ ഛിന്നഗ്രഹം 2024 സെപ്റ്റംബര്‍ 17ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ ദിവസങ്ങള്‍ മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അസാധാരണമായ വലിപ്പവും വേഗവും ഉള്ളതിനാല്‍ 2024 ഒഎന്‍ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാത നാസ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവരികയാണ്.

മണിക്കൂറില്‍ 40,233 കിലോമീറ്റര്‍ വേഗത്തിലാണ് 2024 ഒഎന്നിന്‍റെ സഞ്ചാരം. ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 997,793 കിലോമീറ്റര്‍ അകലത്തിലായിരിക്കും 2024 ഒഎന്‍ ഛിന്നഗ്രഹത്തിന്‍റെ സ്ഥാനം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്‍റെ രണ്ടര ഇരട്ടി വരും ഈ ദൂരം. അതായത് ഭൂമിക്ക് യാതൊരു ഭീഷണിയും ഈ ഛിന്നഗ്രഹം സൃഷ്ടിക്കില്ല എന്ന് വ്യക്തം.

എന്നാല്‍ സഞ്ചാരപഥത്തിലെ നേരിയ വ്യത്യാസം പോലും മാനവരാശിക്ക് ഭീഷണിയാവും എന്നതിനാല്‍ നാസയുടെ കാലിഫോര്‍ണിയയിലുള്ള ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി കടുത്ത ജാഗ്രതയോടെയാണ് ഇതിനെ നിരീക്ഷിച്ചുവരുന്നത്.

ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും ഭൂമിയില്‍ കൂട്ടിയിടിച്ചാല്‍ കനത്ത നാശനഷ്‌ടങ്ങളായിരിക്കും ഫലം. ഭൂമിയില്‍ ദിനോസറുകളുടെ വംശനാശത്തിന് വഴിവെച്ചത് ഇത്തരമൊരു കൂട്ടയിടിയായിരുന്നു. സമാനമായി 2024 ഒഎന്‍ എന്ന ഭീമന്‍ ഛിന്നഗ്രഹം ഭൂമിയില്‍ കൂട്ടിയിടിച്ചാലും പ്രവചനാതീതമായ ആഘാതമാണ് ഭൂമിയില്‍ സംഭവിക്കുക. അതിനാലാണ് നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും അടക്കമുള്ളവര്‍ കണ്ടെത്തിയത് മുതല്‍ ഈ ഛിന്നഗ്രഹത്തെ പിന്തുടരുന്നത്. നാസയുടെ ദൂരദര്‍ശിനികളും റഡാറുകളും 2024 ഒഎന്നിന്‍റെ പിന്നാലെയുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *