കോട്ടയം: മാഞ്ഞൂരില്‍ പ്രവാസി സംരംഭകന്റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാഞ്ഞതിനെച്ചൊല്ലി വിവാദം മുറുകുന്നു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിൽ ജീവനക്കാർ കെട്ടിട നമ്പർ നിഷേധിക്കുന്നെന്ന പരാതിയുമായി സംരംഭകൻ.

നിസാര കാരണങ്ങൾ പറഞ്ഞ് കെട്ടിട നമ്പർ നിഷേധിക്കുകയാണെന്ന് കോട്ടയം മാഞ്ഞൂരിലെ പ്രവാസി സംരംഭകൻ ഷാജിമോൻ ജോർജ് ആരോപിക്കുന്നു. ഇതിനെതിരേ പഞ്ചായത്തിന് മുന്നിൽ ഷാജിമോൻ സത്യഗ്രഹം ആരംഭിച്ചു. ഇതോടെ ഷാജിമോനെ പോലീസ് ഉദ്യോഗസ്ഥർ ബലമായി പഞ്ചായത്ത് ഓഫീസിന്റെ പുറത്താക്കി. ഇതേത്തുടർന്ന് പഞ്ചായത്ത് ഓഫീസിൽ മുന്നിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി ഷാജിമോൻ പ്രതിഷേധം നടത്തി.
പഞ്ചായത്ത് ഭരണം സി.പി.ഐ.എം നേതൃത്വത്തിലാണ്. ക്രമക്കേടുകളുണ്ടെന്നും പരിശോധനകൾക്കുള്ള കാലതാമസമാണ് വരുന്നതെന്നുമാണ് പഞ്ചായത്ത് പ്രസിഡൻ്റ് കോമളവല്ലി വിശീകരിക്കുന്നത്.
മാഞ്ഞൂർ ടൗണിലാണ് 25 കോടിരൂപ മുടക്കി ഷാജിമോൻ സ്പോർട്ടിങ് വില്ലേജ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടു മന്ത്രിമാർ നേരിട്ടും വ്യവസായ മന്ത്രി ഓൺലൈൻ വഴിയും പങ്കെടുത്താണ് 90 പേർക്ക് തൊഴിൽ നൽകുന്ന സംരംഭം ഉദ്ഘാടനം ചെയ്തത്.