പാലാ: കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നവംബർ 5 ഞായറാഴ്ച പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസ് ഹാളിൽ നടക്കും. ഇക്കാര്യം സംഘാടകർ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. ജോസ് കെ. മാണി എം പി, മാണി സി കാപ്പൻ എം എൽ എ, പാലാ മുനിസിപ്പൽ ചെയർ പേഴ്സൺ ജോസിൻ ബിനോ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി തുടങ്ങിയവർ പങ്കെടുക്കും. സന്തോഷ് മരിയസദനത്തെ സമ്മേളനത്തിൽ ആദരിക്കും.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ, സംസ്ഥാന സെക്രട്ടറി സമീർ ബാബു, സംസ്ഥാന ട്രഷറർ നിൽ പൗഡിക്കോണം കോട്ടയം ജില്ലാ പ്രസിഡന്റ് സുബാഷ് പൈക, ജില്ലാ സെക്രട്ടറി അരുൺ കുളംമ്പള്ളിൽ, ജില്ലാ ട്രഷറർ ബിജുമോൻ കെ.എസ്. എന്നിവരും സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

കേരളത്തിലെ കാർഷിക നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ വിവിധതരം മെഷിനറി ഉടമകളുടെ അഭിവൃദ്ധിയും ക്ഷേമവും സഹകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംസ്ഥാനതല സംഘടനയാണ് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ.

അംഗങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിഉറപ്പിക്കുന്നതിനോടൊപ്പം തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുകയും നാടിന്റെ നിർമ്മാണ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ അത്യാധുനിക യന്ത്രോപകരണങ്ങൾ ലഭ്യമാക്കുകയും, അംഗങ്ങളുടെ ക്ഷേമവും ഭാവി സുരക്ഷയും ലക്ഷ്യമാക്കി ജാതി മത കക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ.

സംഘടന രൂപീകരിച്ച് 5 വർഷം കൊണ്ട് വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ ഒരു അംഗം മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപയുടെ ആശ്രയ ധനസഹായ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാൻ സംഘടനയ്ക്ക് സാധിച്ചു. ഇക്കാലയളവിൽ മരണപ്പെട്ട 5 മെമ്പർമാരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകിയിട്ടുണ്ട്.

പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സുബാഷ് പൈക, ജില്ലാ സെക്രട്ടറി അരുൺ കുളംമ്പള്ളിൽ, ജില്ലാ ട്രഷറർ ബിജുമോൻ കെ.എസ്. വരുൺ ഘോഷ് എന്നിവർ പങ്കെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed