മുംബൈ: ആദ്യം അടിച്ചൊതുക്കി പിന്നെ എറിഞ്ഞിട്ടു. ഇന്ത്യക്കെതിരെ 358 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കക്ക് വമ്പൻ തോൽവി. ഇന്ത്യൻ ബൗളർമാർ വിക്കറ്റ് ഇടാൻ മത്സരിച്ചപ്പോൾ 19.4 ഓവറിൽ ലങ്കയുടെ എല്ലാ ബാറ്റർമാരും കൂടാരം കയറി. ഇതോടെ ഈ ലോകകപ്പിൽ സെമിയിൽ എത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി.

ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അഞ്ചോവറില്‍ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്.

പവര്‍ പ്ലേയിലെ ആദ്യ 10 ഓവര്‍ പിന്നിടുമ്പോള്‍ 14 റണ്‍സിന് ആറ് വിക്കറ്റെന്ന പരിതാപകരമായ നിലയിലായിരുന്ന ലങ്കയെ വാലറ്റക്കാരാണ് ലോകകപ്പിലെ എക്കാലത്തെയും ചെറിയ ടീം ടോട്ടലെന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഏഴ് മത്സരങ്ങളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. 14 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 357-8, ശ്രീലങ്ക 19.4 ഓവറില്‍ 55ന് ഓള്‍ ഔട്ട്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തിലാണ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തത്. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ഇന്നിംഗ്സിനൊടുവില്‍ തകര്‍ത്തടിച്ച ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *