സൂറിച്ച്: എട്ടാം തവണയും ലോകത്തെ മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം.
ബാലൺ ഡി ഓറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ താരമെന്ന സ്വന്തം റെക്കോഡ് തന്നെയാണ് മെസ്സി തിരുത്തിയെഴുതിയത്. പുരസ്കാരദാന ചടങ്ങിൽ തന്റെ എല്ലാമെല്ലാമായ അർജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയെ അനുസ്മരിക്കാൻ മെസ്സി മറന്നില്ല.
ഡീഗോയുടെ ജന്മദിനത്തിൽ ലഭിച്ച പുരസ്കാരത്തിൽ സന്തോഷം പ്രകടിപ്പിച്ച താരം അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നതിനൊപ്പം ഈ പുരസ്കാരം നിങ്ങൾക്ക് കൂടിയുള്ളതാണെന്നും പറഞ്ഞു.
ലോകകപ്പ് നേടിയ സ്പെയ്ൻ ടീം അംഗം ബാഴ്സലോണയുടെ ഐതാന ബോൻമാതിയാണ് മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച യുവതാരത്തിനുള്ള പുരസ്കാരം ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം അർജന്റീനയുടെ എമിലിയാനോ മാർട്ടിനസും സ്വന്തമാക്കി.
ഏറ്റവും കൂടുതൽ ഗോളിനുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിങ് ഹാലൻഡ് നേടിയപ്പോൾ മെൻസ് ക്ലബ് ഓഫ് ദ ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിക്കാണ്. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനാണ് സോക്രട്ടീസ് അവാർഡ്.
There is no ads to display, Please add some