ആരോഗ്യം നിലനിർത്തുന്നതിൽ ഉറക്കത്തിനുള്ള പങ്ക് വളരെ വലുതാണ്. ശരിയായ രീതിയിലുള്ള ഉറക്കം കിട്ടാത്തതുകൊണ്ടാണ് നമ്മളിൽ പലരും രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നത്. നല്ല ഉറക്കം കിട്ടാതിരിക്കുന്നത് മാനസികാരോഗ്യത്തേയും ഹാനികരമായി ബാധിക്കും. നമ്മുടെ ജീവിതശൈലിയും ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. നല്ല ഉറക്കം ഉറപ്പുവരുത്താൻ നമ്മുടെ ഭക്ഷണത്തിലും ശ്രദ്ധ വെക്കേണ്ടതുണ്ട്. ഉറക്കത്തെ തടസപ്പെടുത്തുന്ന ഭക്ഷണങ്ങളുണ്ട്. രാത്രിയിൽ ഉറങ്ങും മുൻപ് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം.
വലിയ അളവിൽ കഫീൻ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും രാത്രിയിൽ കഴിക്കുന്നത് ഒഴിവാക്കണം. കോഫി, ചായ, സോഡ,എനർജി ഡ്രിങ്ക് തുടങ്ങിയ ഇതിലുൾപ്പെടും.
ഇവയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കത്തെ തടസപ്പെടുത്തും. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതെല്ലാം ഒഴിവാക്കുന്നത് ഗുണം ചെയ്യും.
നല്ല എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങൾ ഉറങ്ങാൻ പോകുന്നതിന് മുമ്പ് കഴിക്കരുത്. അഥവാ കഴിക്കേണ്ടി വന്നാൽ ഉറക്കത്തിന് നാലു മണിക്കൂർ മുൻപെങ്കിലും ആയിരിക്കണമെന്ന് മാത്രം. കാരണം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ പ്രശ്നത്തിലാക്കും.
അമിതമായ അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് നല്ലതല്ല. അതിനാൽ ജങ്ക് ഫുഡ് രാത്രിയിൽ നിർബന്ധമായും ഒഴിവാക്കണം. ഇതിലെ ഉയർന്ന കൊഴുപ്പ് മറ്റു ഘടകങ്ങളും ഉറക്കത്തെ തടസപ്പെടുത്തും.
രാത്രിയിൽ ഐസ്ക്രീം കഴിക്കുന്നതും പലർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ഈ ശീലം ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇതിലെ ഉയർന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്തുന്ന ഘടകങ്ങളാണ്.ചോക്ലേറ്റ് കഴിക്കുന്നത് നല്ലതല്ല. കാരണം ഇവയിലുള്ള ‘ടൈറോസിൻ’ എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തുന്ന സംഗതിയാണ്.
പ്രോട്ടീനുള്ള ഭക്ഷണം നല്ലതാണെന്നാണ് പൊതുവേയുളള ധാരണ. എന്നാൽ ഇവ രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ അത് ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങുന്നതിന് നാലു മണിക്കൂർ മുൻപെങ്കിലും കഴിക്കുന്നതാണ് നല്ലത്.
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളും രാത്രി കഴിക്കരുത്. ഇവ ദഹിക്കാൻ ബുദ്ധിമുട്ടായതിനാൽ ഇവ ഉറക്കത്തെ തടസപ്പെടുത്തും.