ആലപ്പുഴ: സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയമായെന്നും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും സാമ്പത്തിക ലാഭമുണ്ടായെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി റെസ്റ്റ് ഹൗസ് കാന്റീന്റേയും കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി
2021ൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളെ എങ്ങനെ ജനകീയമാക്കാം എന്ന പരിശോധനയാണ് ആദ്യം നടത്തിയത്. അതിന്റെ ഭാഗമായി നടപടിക്രമങ്ങൾ ലളിതമാക്കി റസ്റ്റ് ഹൗസുകൾ ഓൺലൈൻ ബുക്കിങ് സംവിധാനത്തിലേക്ക് മാറ്റിയതോടെ മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്.

ഇതുവരെയുള്ള കണക്ക് അനുസരിച്ച്
1,73,692 പേർ ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 30 വരെ പത്തുകോടിയിൽപരം അധിക വരുമാനമാണ് ലഭിച്ചതെന്നും പുതിയകാലം ആഗ്രഹിക്കുന്ന എല്ലാ പ്രവർത്തനങ്ങളും സാധ്യമാക്കി റസ്റ്റ് ഹൗസുകളെ ഇനിയും കൂടുതൽ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി സുഭാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐ. റംലബീവി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെങ്ങന്നൂര്‍ കല്ലിശ്ശേരി റസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് കാന്റീന്‍ നിര്‍മിച്ചത്. 15 ലക്ഷം രൂപയാണ് ശുചിമുറി നിർമ്മാണത്തിനായി വിനിയോഗിച്ചത്. ക്യാന്റീനിൽ തടസരഹിതമായ ജലവിതരണത്തിന് ആയിരം ലിറ്ററിന്റെ രണ്ട് വാട്ടർ ടാങ്കുകളും മറ്റ് അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായാണ് ശുചിമുറി നിർമ്മിച്ചിരിക്കുന്നത്.
There is no ads to display, Please add some