“ഗുരുവും ദൈവവും ഒരുമിച്ച് മുൻപിൽ വന്നെങ്കിൽ ആദ്യം ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല, ഗുരുവിനെ തന്നെ, കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ…”കാലങ്ങൾക്ക് മുൻപ് അധ്യാപകരെക്കുറിച്ച് കബീർദാസ് പറഞ്ഞ വാക്കുകളാണിത്.
ഈ അധ്യാപക ദിനത്തിലും ഇതിന്റെ മാറ്റ് കുറഞ്ഞിട്ടില്ല.പ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹം രാഷ്ട്രപതി ആയപ്പോള്‍ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നെന്നും അതിനുള്ള അനുവാദം നല്‍കണമെന്നും അപേക്ഷിച്ചു.
എന്നാല്‍, അദ്ദേഹം അത് നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തില്‍ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, ശിഷ്യരും സുഹൃത്തുക്കളും പിന്മാറാന്‍ തയ്യാറായില്ല. അവാസനം അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി. നിര്‍ബന്ധമാണെങ്കില്‍ സെപ്തംബര്‍ 5 തന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
അങ്ങനെയാണ് സെപ്തംബര്‍ 5 ദേശീയ അധ്യാപക ദിനമായി തെരഞ്ഞെടുത്തത്.1961 മുതലാണ് ഇന്ത്യയില്‍ അധ്യാപകദിനം ആചരിക്കുന്നത്. ലോകത്ത് പലയിടത്തും അധ്യാപകദിനം പല ദിവസങ്ങളിലാണ് ആചരിക്കുന്നത്. ആഗോള തലത്തില്‍ അധ്യാപക ദിനമായി ആഘോഷിക്കുന്നത് ഒക്ടോബര്‍ അഞ്ചിനാണ്.