പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ. ജില്ലയുടെ കിഴക്കൻ വനമേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. സീതക്കുഴി–മുണ്ടൻപാറ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി. മുണ്ടൻപാറ തോട്ടിൽ മലവെള്ളപ്പാച്ചിലുണ്ടായെന്നു നാട്ടുകാർ പറഞ്ഞു.
മൂഴിയാർ അണക്കെട്ട് വീണ്ടും തുറന്നേക്കുമെന്നാണു സൂചന. മണിയാർ അണക്കെട്ട് തുറന്നു. അതിശക്തമായ മഴ കാരണം, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയായ മൂഴിയാർ അണക്കെട്ടിന്റെ 3 ഷട്ടറുകൾ കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ ഗവിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി.
സീതക്കുഴി പുള്ളോലിപടിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം മുടങ്ങി. വാഹനങ്ങൾ തോടിന്റെ അക്കരവഴിയുള്ള റോഡിലൂടെ തിരിച്ചുവിട്ടു. റോഡിന്റെ വിവിധ ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്.