വാർദ്ധക്യത്തിൽ വിവാഹമോ? ഇനി ഇങ്ങനെ ചോദിക്കുന്നവർക്ക് രവീന്ദ്രനും പൊന്നമ്മയും തങ്ങളുടെ ജീവിതം കാണിച്ചുകൊടുക്കും. കൂടെ മകന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും പറയും. മനം കവരുന്ന ഈ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

കഴിഞ്ഞദിവസം പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവിക്ഷേത്രത്തിൽ വച്ചായിരുന്നു മുഹമ്മ അഞ്ചുതൈയ്ക്കൽ എൻ കെ രവീന്ദ്രന്റെയും കഞ്ഞിക്കുഴി കരിക്കാട്ടിൽ പൊന്നമ്മയുടെയും വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്.72കാരനായ രവീന്ദ്രൻ താലികെട്ടുമ്പോൾ 63കാരിയായ പൊന്നമ്മയുടെ മുഖം നാണം കൊണ്ടു താഴ്‌ന്നു. സാക്ഷിയാകാൻ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും.രവീന്ദ്രൻ്റെ മകനും മരുമകളും മകളും സഹോദരിയും അടുത്ത സുഹൃത്തുക്കളും ആ ശുഭമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു.

‘എനിക്ക് സന്തോഷമാണ്…’ വിവാഹത്തെ കുറിച്ച് പൊന്നമ്മയ്‌ക്ക് പറയാനുള്ളത് ഇതാണ്. ഒരു വർഷം മുൻപാണ് പൊന്നമ്മയുടെ ഭർത്താവ് മരിക്കുന്നത്. അതോടെ ജീവിതത്തിലും വീട്ടിലും പൊന്നമ്മ ഒറ്റയ്‌ക്കായി. ഏഴ് വർഷം മുൻപാണ് രവീന്ദ്രന്റെ ഭാര്യ മരിക്കുന്നത്. അതിന് ശേഷം ചെറിയ ബിസിനസുമൊക്കെയായി മുന്നോട്ട് പോവുകയായിരുന്നു.

അതിനിടെയാണ് രവീന്ദ്രന്റെ മകൻ രാജേഷ് ഒരിക്കൽ പ്ലമ്പിങ് ജോലികൾക്കായി പൊന്നമ്മയുടെ വീട്ടിൽ വരുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പൊന്നമ്മയുടെ ദുരിതം കണ്ട് രാജേഷ് ആണ് പൊന്നമ്മയെ അച്ഛന് ‌വേണ്ടി ആലോചിച്ചത്. തുടർന്ന് കുടുംബത്തിന്റെയും നാട്ടുകാരുടെയും പൂർണ പിൻതുണയോടെ രവീന്ദ്രൻ പൊന്നമ്മയുടെ കഴുത്തിൽ താലികെട്ടി.

‘ഒരു മകൻ പെൺകുട്ടിയെ വിളിച്ചുകൊണ്ട് വരുമ്പോൾ അച്ഛൻമാർ സ്വീകരിക്കുന്നില്ലേ?, അതുപോലെ ഞാനും സ്വീകരിക്കുന്നു. എന്നാണ് രവീന്ദ്രന്റെ മകൻ രാജേഷ് പറയുന്നത്.

ഈ പ്രായത്തിൽ വിവാഹമോ? എന്ന് ചോദിച്ചാൻ ‌’72 ഒക്കെ ഒരു പ്രായമാണോ’ എന്നാണ് രവീന്ദ്രന്റെ മറുപടി. ഹണിമൂൺ നാട്ടിൽ തന്നെ ആഘോഷിക്കാനാണ് ഇരുവരുടെയും തീരുമാനം. ‘ഇവിടെയാണ് സ്വർ​ഗം… കുറച്ചു കഴിഞ്ഞ് ഞങ്ങൾ അങ്ങ് പോകും.അതുകൊണ്ട് ഉള്ള സമയം ഉള്ളതു പോലെ ഇവിടെ തന്നെ ജീവിക്കുക’- രവീന്ദ്രൻ പറഞ്ഞു.

മുഹമ്മകാരൻ എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം 18 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് ദമ്പതികൾക്ക് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയത്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *