ലോകരാജ്യങ്ങളില്‍ ആദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ രാജ്യം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന് മുന്‍പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ചന്ദ്രനിലിറങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നും ദക്ഷിണധ്രുവത്തിലായിരുന്നില്ല. അതിനാല്‍ അതിസങ്കീര്‍ണമായ ഇന്ത്യയുടെ ദൗത്യം വിജയകരമായതോടെ ഐ എസ് ആര്‍ ഒ ലോക ബഹിരാകാശ ഏജന്‍സികള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.

1999ല്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ യോഗത്തിലാണ് ചന്ദ്രനിലേക്ക് ഒരു ഇന്ത്യന്‍ ശാസ്ത്രദൗത്യം എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. ഐ എസ് ആര്‍ ഒയ്ക്ക് അത്തരമൊരു ദൗത്യം വിജയകരമായി നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. 2003 ഏപ്രിലില്‍ ചന്ദ്രനിലേക്ക് ഒരു ഇന്ത്യന്‍ പേടകം വിക്ഷേപിക്കുന്നതിനുള്ള ടാസ്‌ക്ക് ഫോഴ്‌സിന്റെ ശുപാര്‍ശ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. 2003 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ചന്ദ്രയാന്‍ ദൗത്യത്തെപ്പറ്റിയുള്ള ആദ്യ പ്രഖ്യാപനം നടത്തി.

ഇതുവരെ ചന്ദ്രനിലേക്ക് മൂന്ന് ദൗത്യങ്ങളാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. രണ്ട് ഓര്‍ബിറ്ററുകളും ലാന്‍ഡറുകളും റോവറുകളുമാണ് ഈ ദൗത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്. രണ്ട് ഓര്‍ബിറ്ററുകള്‍ വിജയകരമായിരുന്നുവെങ്കില്‍ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡറും റോവറും ചന്ദ്രോപരിതലത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു.2008 ഒക്ടോബര്‍ 22നാണ് ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 1ലെ പേലോഡായ മൂണ്‍ ഇംപാക്റ്റ് പ്രോബാണ് ചന്ദ്രനില്‍ ജലകണികകളുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്. ജലം കണ്ടെത്തുന്നതിനു പുറമേ ചന്ദ്രന്റെ മാപ്പിങ്ങും അന്തരീക്ഷ പ്രൊഫൈലിങ്ങും ചന്ദ്രയാന്‍ 1 നടത്തി.

ചന്ദ്രയാന്‍ 2 ദൗത്യത്തിന് 2008 സെപ്തംബര്‍ 18ന് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ആണ് അനുമതി നല്‍കിയത്. റഷ്യയില്‍ നിന്നുള്ള ലാന്‍ഡറാണ് ഇതില്‍ ആദ്യം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. പക്ഷേ ലാന്‍ഡര്‍ കൃത്യസമയത്ത് വികസിപ്പിച്ചു നല്‍കുന്നതില്‍ റഷ്യ പരാജയപ്പെട്ടു. ചൊവ്വയിലേക്കുള്ള റോസ്‌കോസ്‌മോസിന്റെ ദൗത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയുടെ ചന്ദ്രയാന്‍ 2വില്‍ നിന്നും റഷ്യ പിന്മാറിയതിനെ തുടര്‍ന്നാണ് സ്വന്തമായി ഇന്ത്യ ചാന്ദ്രദൗത്യം വികസിപ്പിക്കാന്‍ തീരുമാനിച്ചത്.

2019 ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. 2019 ഓഗസ്റ്റ് 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിച്ചെങ്കിലും 2019 സെപ്തംബര്‍ ആറിന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചറങ്ങി തകര്‍ന്നു. എന്നാല്‍ ചാന്ദ്രയാന്‍ 2വിന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഏഴര വര്‍ഷക്കാലത്തേക്ക് ഇത് പ്രവര്‍ത്തനക്ഷമമാണ്.

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 ഓഗസ്റ്റ് 23 ബുധനാഴ്ച ചന്ദ്രനെ തൊട്ടു. വൈകീട്ട് ആറുമണിക്കുശേഷമായിരുന്നു ചന്ദ്രയാൻ മൂന്നിന്റെ ചന്ദ്രപ്രവേശം. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ്ലാൻഡ് ചെയ്യുകയായിരുന്നു. 2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിൽ 35 ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെട്ടത്. ഓഗസ്റ്റ് 18 വൈകുന്നേരം നാലുമണിയോടെ ലാൻഡർ മൊഡ്യൂൾ താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സുരക്ഷിത ലാൻഡിങ് നടത്താനുള്ള സ്കാനിങ്ങിനിടെ ഓഗസ്റ്റ് 19ന് ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ലാൻഡർ പകർത്തിയിരുന്നു.ലാൻഡറിനെ വേർപെടുത്തിയ പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയെ ചുറ്റിത്തുടങ്ങി. ഇതിനൊപ്പമുള്ള Spectro-polarimetry of Habitable Planet Earth എന്ന പേലോഡ് ഭൂമിയെ ആവാസയോഗ്യമാക്കുന്ന ഘടകങ്ങളെക്കുറിച്ച് പഠനം നടത്തും.

ചന്ദ്രയാന്‍-3 യുടെ വിജയത്തോടെ വിശ്രമിക്കാന്‍ പോകുകയല്ല ഐ എസ് ആര്‍ ഒ. ലോകത്തെ പോലും അമ്പരപ്പിക്കുന്ന ഒരുപിടി ദൗത്യങ്ങളാണ് ഇനിയും ഐ എസ് ആര്‍ ഒയ്ക്ക് മുന്നിലുള്ളത്. അതില്‍ ഏറ്റവും ശ്രമകരവും സങ്കീര്‍ണവും സൂര്യനെക്കുറിച്ച് പഠിക്കാനും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാനുമുള്ള ദൗത്യമാണ്.സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശാധിഷ്ഠിത ഇന്ത്യന്‍ ദൗത്യത്തിന് ആദിത്യ എല്‍1 എന്നാണ് പേരിട്ടിരിക്കുന്നത്.

സൂര്യനെക്കുറിച്ചു പഠിക്കുന്നതിന് ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന ആദ്യത്തെ നിരീക്ഷണ കേന്ദ്രമാണിത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ‘സ്വതന്ത്ര’ മേഖലയായ ഒന്നാം ലാഗ്രാഞ്ച് പോയിന്റിലാണ് പേടകം സ്ഥാപിക്കുക. മിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരത്താണ് ഈ പ്രദേശം. ഇവിടെനിന്ന്‌ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ പേടകത്തിന് കഴിയുമെന്നതാണ്‌ പ്രത്യേകത. ഗ്രഹണങ്ങളടക്കമുള്ളവ തടസമാകില്ല.

സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തത്സമയം നിരീക്ഷിക്കാനും ഈ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്ന് പഠിക്കാനും ഈ ദൗത്യം വഴി സാധിക്കും. സൂര്യന്റെ സങ്കീർണ അന്തരീക്ഷമായ കൊറോണയെപ്പറ്റി വിവരങ്ങൾ ശേഖരിച്ച്‌ പേടകം ഭൂമിയിലേക്ക്‌ അയക്കും. ഇവിടെയുള്ള താപനിലയുടെ രഹസ്യങ്ങളിലേക്ക്‌ ആദിത്യ ചൂഴ്‌ന്നിറങ്ങും. സൂര്യന്റെ കാന്തികക്ഷേത്രം, സൗരവാതകങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ തുടങ്ങി സൗരപ്രതിഭാസങ്ങളെല്ലാം പഠിക്കും. സൂര്യനില്‍ ചൂട് ഉത്പാദിപ്പിക്കപ്പെടുന്നത് അടക്കമുള്ള അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആദിത്യ-എല്‍1 വഴി നമുക്ക് അറിയാനാവുമെന്നാണ് പ്രതീക്ഷ.

ആധുനികമായ ഏഴ്‌ പരീക്ഷണ ഉപകരണമാണ്‌ ആദിത്യയിലുള്ളത്‌. ഇതില്‍ വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ്(VELC) കൊറോണയെക്കുറിച്ചു പഠിക്കുകയും കൊറോണല്‍ മാസ് എജക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ് സൂര്യനിലെ ഫോട്ടോസ്ഫിയറിനേയും ക്രോമോസ്ഫിയറിനേയും നിരീക്ഷിക്കുകയും ചിത്രമെടുക്കുകയും ചെയ്യും.

സൂര്യനില്‍ നിന്നും പുറപ്പെടുന്ന പല തരത്തിലുള്ള എക്‌സ് റേ തരംഗങ്ങളെക്കുറിച്ചുള്ള വിവര ശേഖരണമാണ് സോളാര്‍ ലോ എനര്‍ജി എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍(SoLEXS), ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ് റേ സെപ്‌ക്ടോമീറ്റര്‍(HEL1OS) എന്നീ ഉപകരണങ്ങള്‍ വഴി നടക്കുന്നത്. ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടികിള്‍ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ(PAPA) എന്നിവ സൗര കാറ്റിലേയും മറ്റും ഇലക്ട്രോണുകളേയും പ്രോട്ടോണുകളേയും ഊര്‍ജകണങ്ങളേയും പഠിക്കും. സൂര്യന്റെ കാന്തിക മണ്ഡലത്തെക്കുറിച്ച് അഡ്വാന്‍സ്ഡ് ട്രി ആക്‌സിയല്‍ ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്നെറ്റോമീറ്ററാണ് പഠിക്കുക.

By Fazil

Leave a Reply

Your email address will not be published. Required fields are marked *