തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് ഞായറാഴ്ച നടന്ന ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ – എ എന്നീ പരീക്ഷകൾ റദ്ദാക്കി. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.പരീക്ഷ റദ്ദാക്കണമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പിടിയിലായ ഹരിയാനക്കാര്‍ കൂലിക്ക് പരീക്ഷ എഴുതാന്‍ എത്തിയവരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 10 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഹരിയാനക്കാരായ 469 പേരാണ് പരീക്ഷയെഴുതിയത്. ഇത്രയധികം പേര്‍ കൂട്ടത്തോടെ ഹരിയാനയില്‍ നിന്നും തിരുവനന്തപുരത്തെത്തി പരീക്ഷ എഴുതിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഇതു സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. സൈബർ സെൽ ഡിവൈഎസ്പി കരുണാകരനാണ് അന്വേഷണ സംഘത്തലവൻ. മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽ കോളജ്, സൈബർ സെൽ സിഐമാർ സംഘത്തിലുണ്ട്.