കോഴിക്കോട്: കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റും നാഷണൽ സ്റ്റുഡൻസ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനായി. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി. നജ്മിയാണ് വധു.
ഇന്ന് ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജ് പഠനകാലത്ത് അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. കോളേജ് കാലത്ത് ഉള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപി രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ എംപി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റ് 18നാണ് വിവാഹ സൽക്കാരം. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.