തൃശൂർ: ക്രൈംബ്രാഞ്ച് എസ്ഐയെ സിഐ കള്ളക്കേസിൽ കുടുക്കി സസ്പെൻഡ് ചെയ്തതായി പരാതി. എസ്ഐ ടി ആര്‍ ആമോദിനെതിരെയാണ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് കേസെടുത്തത്.

ആമോദിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജിയും കമ്മീഷണറും നെടുപുഴ സിഐ ടി ജി ദിലീപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ആമോദിനെതിരെ എടുത്തത് കള്ളക്കേസ് എന്നാണ് സംസ്ഥാന, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചുകളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞമാസം 30നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. നെടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വഴിയരികില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോഴാണ് തന്നെ കസ്റ്റഡിയിലെടുത്തത് എന്നാണ് ആമോദിന്റെ പരാതിയില്‍ പറയുന്നത്. തൊട്ടടുത്തുള്ള മരക്കമ്പനിയില്‍ കുറച്ചാളുകള്‍ ഇരുന്ന് മദ്യപിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നെടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. പരിശോധനയില്‍ മരക്കമ്പനിയില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. ഇത് ആമോദ് അടക്കമുള്ളവര്‍ മദ്യപിച്ച കുപ്പിയാണെന്ന് ആരോപിച്ചാണ് എസ്‌ഐയെ കസ്റ്റഡിയിലെടുത്തത്. അതിനിടെ ആമോദിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ആദ്യം ബ്രത്തലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ നേരിയ അളവില്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആമോദിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയപ്പോള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതായും വിവരം ഉണ്ട്. ആമോദിനെ ഒരു ദിവസത്തോളം പൊലീസ് കസ്റ്റഡിയില്‍ വെയ്ക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതായി ആമോദിന്റെ ഭാര്യയാണ് പരാതി നല്‍കിയത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിഐയ്‌ക്കെതിരായ അന്വേഷണം തുടരുകയാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *