കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കും. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം നോർത്ത് പൊലീസിനെ ചുമതലപ്പെടുത്തി.
ഉമ്മൻചാണ്ടിയുടെ വിലാപ യാത്ര നടക്കുന്നതിനിടെയാണ് വിനായകൻ അധിക്ഷേപിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു വിനായകന്റെ പരാമർശങ്ങൾ. ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്ന് നടൻ തന്നെ പോസ്‌റ്റ് പിൻവലിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നൽകിയത്.