പുള്ളിപ്പുലിയെ കയർകൊണ്ട് ബൈക്കിന്റെ പിൻസീറ്റിൽ കെട്ടിവച്ച് യാത്ര ചെയ്ത് യുവാവ്. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ബഗിവലു ഗ്രാമത്തിൽ മുത്തു എന്നയാളാണ് 9 മാസം പ്രായം തോന്നിക്കുന്ന പുള്ളിപ്പുലിയെ ബൈക്കിൽ കെട്ടിവച്ച് വനം വകുപ്പ് ഓഫീസിലേക്ക് യാത്ര ചെയ്തത്.

പുലിക്കുട്ടിയുമായി യുവാവ് ബൈക്കിൽ പോകുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കൃഷിയിടത്തിൽ എത്തിയ പുലി തന്നെ ആക്രമിക്കുകയായിരുന്നു എന്നും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് പുലിയെ ബൈക്കിൽ കെട്ടിവെച്ചതെന്നും യുവാവ് പറയുന്നു.
പുലിക്കുട്ടിയുമായുള ഏറ്റുമുട്ടലിൽ മുത്തുവിന്റെ കൈയ്ക്ക് ചെറുതായി പരിക്കേറ്റിട്ടുണ്ട്. പുലിയെ കെട്ടിയിട്ടതിന് പിന്നിൽ ദുരുദ്ദേശ്യമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല.
