കൊച്ചി: സാമ്പത്തിക തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ടാം പ്രതി. സുധാകരനെ രണ്ടാം പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.

ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കി. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. സുധാകരനുമായി മോൻസന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാർ പരാതിയിൽ ആരോപിച്ചിരുന്നു.
