തൃശൂർ: ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി (39) തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു.
വടകരയിൽ നിന്ന് ഒരു സ്വകാര്യ ചാനലിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സിനിമ, ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് കൊല്ലം സുധി മലയാളികൾക്ക് പരിചിതനാകുന്നത്. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ സുധി കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി,കേശു ഈ വീടിന്റെ നാഥനടക്കം ഒരുപിടിയോളം ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.
