കോട്ടയം: ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം .തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ് പ്രോഡക്ടിസിന്റെ പിൻവശത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെയാണ് അപകടം.

സംരക്ഷണ ഭിത്തിയുടെ ഭാഗമായ പില്ലറിന് വേണ്ടി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രത്തന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.
നാലടിയോളം മണ്ണ് രത്തന്റെ മുകളിൽ വീണിരുന്നു. മണ്ണിനടിയിൽ പെട്ട രത്തനെ കൈകൾ കൊണ്ട് മണ്ണ് മാറ്റിയാണ് പുറത്തെടുത്തത്. സംഭവസ്ഥലത്ത് വെച്ച് തന്നെ തൊഴിലാളി മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
