തൃശൂർ: തൃശൂർ കയ്പമംഗലത്ത് അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ. കയ്പമംഗലം ഗ്രാമലക്ഷ്മി റോഡിന് സമീപം കോലോത്തും പറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ(34), മകൻ മുഹമ്മദ് റിഹാൻ(12) എന്നിവരെയാണ് ഭർത്യഗൃഹത്തിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. റാഫിയുടെ പിതാവ് മുഹമ്മദ് രണ്ടരയോടെ പുറത്തേക്ക് പോയി ആറ് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് ഫൗസിയ കെട്ടി തൂങ്ങിയ നിലയിലും, മുഹമ്മദ് റിഹാൻ കട്ടിലിൽ മരിച്ച് കിടക്കുന്നതായും കണ്ടത്.
റാഫിയുടെ മാതാവും പിതാവുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഫൗസിയയുടെ ഭർത്താവ് മുഹമ്മദ് റാഫി വിദേശത്താണ്. റാഫിയുടെ മാതാവ് ജമീല മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. കയ്പമംഗലം ഹിറ സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് റിഹാൻ. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
