തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. ചികിൽസാ പിഴവാണ് മരണകാരണമെന്ന ബന്ധുക്കൾ ആരോപിച്ചു.
ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് മരിച്ചത്. മുക്കുപണ്ട കമ്മലിൽ നിന്ന് അലർജി ബാധിച്ച് ഈ മാസം 17 മുതൽ 27 വരെ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മീനാക്ഷി, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ഉള്ളൂരിൽ വച്ച് ഛർദ്ദിച്ചു. വീണ്ടും ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
അതേസമയം ഹൃദയാഘാതം മൂലമാണ് മീനാക്ഷി മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
