അങ്കമാലി: അങ്കമാലി കരയാംപറമ്പ് സിഗ്നൽ ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. തമിഴ്നാട് സ്വദേശികളായ പത്തോളം പേർക്ക് പരിക്ക്. തമിഴ്നാട് ട്രിച്ചിയിൽ നിന്ന് ആലപ്പുഴക്ക് വരികയായിരുന്ന വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 6.30നാണ് ബസ് കരയാംപറമ്പിലെത്തിയത്. അങ്കമാലി ഭാഗത്ത് രാവിലെ നല്ല മഴയുണ്ടായിരുന്നു. പെട്ടെന്ന് ബ്രേക്ക് ചവിട്ടേണ്ടി വന്നപ്പോള്‍ വാഹനം തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അങ്കമാലി പൊലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
