ബിഹാർ: ബിഹാറിലെ അരാരിയയിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. നിര്‍ഭാഗ്യവശാല്‍ കുറച്ചു കുട്ടികള്‍ ഈ ഭക്ഷണം കഴിച്ചുവെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫർബിസ്‌ഗഞ്ച് സബ് ഡിവിഷൻ ഏരിയയ്‌ക്ക് കീഴിലുള്ള ജോഗ്ബാനിയിലെ അമൗന സെക്കൻഡറി സ്‌കൂളില്‍ ശനിയാഴ്‌ചയായിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ പ്ലേറ്റില്‍ നിന്നാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഭക്ഷണ വിതരണം നിര്‍ത്തിവച്ചു.

എന്നാൽ അപ്പോഴേക്കും നിരവധി വിദ്യാർഥികൾ ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെ ഭക്ഷണം കഴിച്ച നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും അസ്വസ്ഥതയും തുടങ്ങി. തുടർന്ന് ഇവരെ ഫോര്‍ബ്‌സ്ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ പരിഭ്രാന്തരായ ഗ്രാമവാസികളും രക്ഷിതാക്കളും സ്‌കൂളിലെത്തി ബഹളം സൃഷ്‌ടിച്ചു. ചിലർ സ്‌കൂളിലെ പ്രധാനാധ്യാപകനെ മർദിക്കുകയും ചെയ്‌തു. പിന്നാലെ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
