ഇടുക്കി: ഇടുക്കി പൂപ്പാറയിൽവെച്ച് ചക്കക്കൊമ്പനെ കാറിടിച്ചു. ചൂണ്ടലിൽ റോഡിലിറങ്ങിയ കൊമ്പന്റെ പിന്നിൽ കാര്‍ വന്നിടിക്കുകയായിരുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് അപകടം.
പൂപ്പാറ ചൂണ്ടല്‍ സ്വദേശി തങ്കരാജിന്റെ വാഹനമാണ് ഇടിച്ചത്. കാർ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനത്തെ ചവിട്ടി തകർക്കാനുള്ള ശ്രമം നടത്തി. തങ്കരാജ് ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.
ആന പെട്ടെന്നു റോഡിലേക്കിറങ്ങിയതിനാലാണ് അപകടമുണ്ടായതെന്ന് പ്രദേവാസികൾ പറയുന്നു. അപകടത്തില്‍ ആനയ്ക്ക് പരിക്കേറ്റിട്ടുണ്ടോയെന്നത് സംബന്ധിച്ച് പരിശോധന ബുധനാഴ്ച നടക്കും.
