പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ കനത്ത മഴയും കാറ്റിനെയും തുടർന്നുണ്ടായ അപകടത്തിൽ ഒരു മരണം.
ചൂരക്കോട് ഭാഗത്ത് നിന്ന് എത്തിയ അടൂർ നെല്ലിമുകൾ സ്വദേശി മനു മോഹന്റെ (32) വാഹനത്തിന് മുകളിലേക്കാണ് മരം വീണത്. തലയിലേക്ക് മരം വന്നു വീണതോടെ തൽക്ഷണം തന്നെ മരണം സംഭവിക്കുകയായിരുന്നു.
അടൂർ പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മരം മുറിച്ചുമാറ്റി ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം താലൂക്ക് ആശുപത്രിയിൽ.
അതേസമയം കൊല്ലം കൊട്ടാരക്കര മേഖലയിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നു. പൊലിക്കോട് പെട്രോൾ പമ്പിന്റെ മേൽക്കുര തകർന്നു. പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു. കൊട്ടാരക്കര പ്രസ് സെന്ററിന്റെ മേൽക്കൂര തകർന്നു. ആയൂർ കോട്ടയ്ക്കാവിളയിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേൽക്കൂര പറന്നു പോയി.


