തൊടുപുഴ : ഇടുക്കിയില്‍ പതിനെട്ടു വയസ്സുകാരിയെ കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിനി നിത്യ (18) യാണ് കൊല്ലപ്പെട്ടത്. പാംബ്ല ഡാമിന് സമീപമാണ് നിത്യയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കേസില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ രാജാക്കാട് സ്വദേശിയായ നിഷാന്ത് എന്ന 19 കാരന്‍ പൊലീസിന്റെ പിടിയിലായി.
നിത്യയും പ്രതി നിഷാന്തും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. നേരത്തെ നിത്യ യുവാവിനൊപ്പം ഇറങ്ങിപ്പോയിരുന്നു. പിന്നീട് ബന്ധുക്കളെത്തി പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് ഒരുവര്‍ഷത്തോളം ഇവര്‍ തമ്മില്‍ ബന്ധമുള്ളതായി വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.

ഓട്ടോ ഓടിക്കുന്നയാളാണ് നിഷാന്ത്. കഴിഞ്ഞദിവസം പെണ്‍കുട്ടി നിഷാന്തിനെ അന്വേഷിച്ച് പൂപ്പാറയിലെത്തി. അവിടെ വെച്ച് വിവാഹം കഴിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ നിഷാന്ത് പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും, പാംബ്ല ഡാമിന് സമീപത്ത് കൊണ്ടുവന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്


തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് നിത്യയുടെ ബന്ധു പറഞ്ഞു. തേനി പൊലീസിലാണ് പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് ഒരു അന്വേഷണവും നടത്തിയില്ലെന്നും ബന്ധു പറഞ്ഞു. നേരത്തെ പെണ്‍കുട്ടി നിഷാന്തിനൊപ്പം പോയിരുന്നു. പ്രായപൂര്‍ത്തിയായശേഷം വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞിരുന്നതാണെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *