പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടില്‍ നിന്നാണ് എക്സൈസ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കേസെടുത്തതോടെ നസീബ് ഒളിവില്‍ പോയിരിക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു. നഹാസിന്റെ ഫോണും സ്വിച്ച് ഓഫാക്കിയ നിലയിലാണ്.
ഞായർ രാത്രി ഒമ്പതരയോടെയാണ് പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് രണ്ട് കിലോ 450 ഗ്രാം കഞ്ചാവ് പിടികൂടിയത്.വീട്ടിൽ അലമാരയ്‌ക്കുള്ളിലും അലമാരുടെ അടിയിലുമായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നഹാസിന്റെ സഹോദരൻ നസീബിനെതിരെ എക്സൈസ് കേസെടുത്തു. നസീബ് ഒളിവിലാണെന്ന് സംഘം പറഞ്ഞു.
അതേസമയം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വിശദീകരണവുമായി നഹാസ് രംഗത്തെത്തി. ‘തെറ്റ് ആരു ചെയ്താലും തെറ്റു തന്നെയാണെന്ന്’ നഹാസ് പറഞ്ഞു. ‘സഹോദരന് കഞ്ചാവു കേസുമായി ബന്ധമുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും’ നഹാസ് പത്തനംതിട്ട പറയുന്നു.മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പത്തനംതിട്ട ജില്ലയിലെ വിശ്വസ്തനാണ് നഹാസ്.