മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബിലെ ഫിറോസിന്റെ പാചക വീഡിയോകള്‍ കൗതുകമുണര്‍ത്തുന്നതും വ്യത്യസ്തവുമാകാറുണ്ട് പലപ്പോഴും. പാലക്കാടന്‍ ഗ്രാമാന്തരീക്ഷത്തിലെത്തുന്ന വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. പലപ്പോഴും വിവാദങ്ങളും ഫിറോസിന്റെ വീഡിയോയ്ക്ക് പിന്നാലെ ഉടലെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനൽ നിർത്തുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ.

യൂട്യൂബ് ലൈവിലൂടെ ഫിറോസ് ചുട്ടിപ്പാറ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിസിനസ് രംഗത്തേക്കാണ് ഫിറോസിന്റെ പുതിയ ചുവടുമാറ്റം. യുഎഇ ആസ്‌ഥാനമായാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. ഇനി യൂട്യൂബ് വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടു പോകുന്നതിന് പകരം സ്വയം സംരംഭത്തിലേക്ക് ഇറങ്ങുകയാണെന്ന് ഫിറോസ് പറഞ്ഞു. അതേസമയം, കുക്കിംഗ് വിഡിയോകളും പൂർണമായി ഉപേക്ഷിക്കുന്നില്ലെന്നും ഫിറോസ് അറിയിച്ചു.

ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതിനാൽ കൂടുതൽ സമയമെടുത്തുള്ള പാചക വിഡിയോകൾക്ക് പകരം റീലുകളിൽ ആയിരിക്കും ഇനി കൂടുതൽ പ്രത്യക്ഷപ്പെടുക. Village Food Channel എന്ന പേരിലുള്ള യുട്യൂബ് ചാനലിന് 9.2 മില്യൺ സബ്സ്ക്രൈബേർസ് ഉണ്ട്. വറുത്തരച്ച മയിൽ കറി, 35 കിലോ വരുന്ന പാമ്പ് ഗ്രിൽ, ഒട്ടകപ്പക്ഷി ഗ്രിൽ എന്നിങ്ങനെ വ്യത്യസ്‌തമായ പാചക വിഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *