കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ നിന്നും ഷോക്കടിച്ച് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന് വഴിക്കടവ് വള്ളക്കൊടി ഗ്രാമത്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വഴിക്കടവ് പൊതുശ്മശാനത്തിൽ മൃതദേഹം അടക്കി. തോരാക്കണ്ണീരുമായി മനം തകർന്ന് നിന്ന അച്ഛൻ ആദ്യത്തെ പിടി മണ്ണ് കുഴിയിലേക്കെടുത്ത മൃതദേഹത്തിലേക്ക് ഇട്ടു. കണ്ടുനിന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും മനസിലേക്ക് കൂടിയാണ് തീരോനാവിൻ്റെ ചൂട് പേറുന്ന ആ മൺതരികൾ വീണത്.

വഴിക്കടവ് വള്ളക്കൊടിയിലാണ് ഇന്നലെ ദാരുണമായ അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഫുട്ബോൾ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികൾക്കൊപ്പം മീൻപിടിക്കാൻ പോയതായിരുന്നു. മൃഗവേട്ടക്കാർ പന്നിയെ പിടിക്കാനായി വടിയിൽ ഇരുമ്പ് കമ്പി കെട്ടി കെഎസ്ഇബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് ഇവർ കണ്ടില്ല. ഷോക്കടിച്ച് മൂന്ന് പേരിൽ രണ്ട് പേർ ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തിൽപെട്ടത്.

ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്‍ഡറി സ്കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുപോയത്. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി ഏറ്റുവാങ്ങി വീട്ടിലേക്ക്. അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാർക്കും മുന്നിൽ ചേതനയറ്റ ശരീരമായി അനന്തു കിടന്നു. അപ്പോഴും പാടിത്തീരാത്ത പാട്ട് പോലെ അവൻ്റെ ചിരി ഉറ്റവരുടെ ഉള്ളിൽ കിടന്നു നീറി. ഒടുവിൽ ഉറ്റവരുടെ സ്നേഹം അവസാനമായി ഏറ്റുവാങ്ങിയാണ് പതിനഞ്ചുകാരൻ്റെ മടക്കം.

Leave a Reply

Your email address will not be published. Required fields are marked *