ഇടുക്കി: വാഗമണ്ണിൽ അനുമതയില്ലാതെ ഓഫ് – റോഡ് മോട്ടോർ സ്പോട്സ് കാർണിവൽ നടത്താനുള്ള നീക്കം പൂട്ടിക്കെട്ടി. വ്യാപകമായ പരാതി ഉയരുകയും ഹൈക്കോടതിയും ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും പൊലീസും ഇടപെടുകയും ചെയ്തതോടെയാണ് പരിപാടി അവസാനിപ്പിക്കാൻ സംഘാടകർ നിർബന്ധിതരായത്. വേദിമാറ്റി പരിപാടി സംഘടിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും എതിർപ്പ് ശക്തമായതോടെ ഈ നീക്കവും ഉപേക്ഷിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി രൂപ മാറ്റം വരുത്തി എത്തിച്ച വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരി ആറ് ഏഴ് എട്ട് തീയതികളിലായാണ് വാഗമണ്ണിൽ കേരള ഓഫ് റോഡ് കാർണിവൽ – സീസൺ 3 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടത്. മുൻ വർഷങ്ങളിൽ പരിപാടികളിൽ പങ്കെടുത്തവർക്ക് മരണം വരെ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻ വർഷത്തിൽ സമാന രീതിയിലുള്ള മത്സരത്തിനിടെയാണ് സിനിമാ താരം ജോജു ജോർജിന് പരിക്കേറ്റത്. ഇത്തരം സാഹചര്യം നിലനിൽക്കെയാണ് അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കാൻ ഒരു വിഭാഗം ശ്രമം നടത്തിയത്.

ഇതേ തുടർന്ന് കാർണ്ണിവലിന് എതിരെ നിരവധി പരാതികളാണ് മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും ജില്ലാ കളക്ടർക്കും അടക്കം ലഭിച്ചത്. പരാതി പരിശോധിച്ച ജില്ലാ കളക്ടർ ഉടൻ തന്നെ പരിപാടി നിർത്തി വയ്ക്കാൻ നിർദേശം നൽകി.

തുടർന്നാണ് സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഇവിടെ എത്തിയ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ഈ വാഹനങ്ങളിൽ 90 ശതമാനവും രൂപമാറ്റം വരുത്തിയാണ് കൊണ്ടു വന്നിരുന്നതും. വ്യാപകമായ രീതിയിൽ വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി കൂടിയുണ്ടായതോടെ പരിപാടി അവസാനിപ്പിക്കാൻ സംഘാടകർ നിർബന്ധിതരാകുകയായിരുന്നു. ജില്ലാ കളക്ടറുടെ നിർദേശാനുസരണം പൊലീസ് നടത്തിയ പരശോധനയിൽ പരിപാടിയ്ക്ക് അനുമതി ലഭിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ, ശനിയാഴ്ച അവധി ദിവസം ലക്ഷ്യമിട്ട് പരിപാടി പുനരാരംഭിക്കാൻ സംഘാടകർ ലക്ഷ്യമിട്ടിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാർ പരിപാടിയ്ക്കെതിരായ റിപ്പോർട്ട് കോടതിയിൽ നിന്നും വാങ്ങി. തുടർന്നാണ് നിയമവിരുദ്ധമായ പരിപാടിയാണെന്നുള്ള കണ്ടെത്തൽ കോടതി നടത്തിയത്. ഇതിനിടെ സംഘാടകർ പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് തയ്യാറാക്കിയ നൽകിയ മുറിയിൽ സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായതായും പരാതി ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് അയക്കം സ്ത്രീകൾ പരാതി നൽകിയെങ്കിലും അന്വേണം പുരോഗമിക്കുകയാണ്.

