പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനും എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് അപേക്ഷകനുമായ ടി.വി. പ്രശാന്തിന് സസ്പെൻഷൻ. സംസ്ഥാന ആരോഗ്യ വകുപ്പാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷ നൽകിയെന്നും കൈക്കൂലി വാഗ്ദാനം ചെയ്തതും കണക്കിലെടുത്തുമാണ് നടപടി. സർവീസിലിരിക്കെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ചട്ടലംഘനമാണ്.

എ.ഡി.എം നവീൻ ബാബുവിൻറെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമായി കണക്കാക്കുന്ന കൈക്കൂലി ആരോപണത്തിൽ പ്രശാന്തിന്റെ പെട്രോൾ പമ്പിന് അനുമതി നൽകാനാണ് എ.ഡി.എം കൈക്കൂലി വാങ്ങിച്ചതെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ആരോപിച്ചത്.
തുടർന്ന് എ.ഡി.എം ആത്മഹത്യ ചെയ്തതോടെ പ്രശാന്ത് ജോലിയിൽ നിന്ന് അവധി എടുത്തിരുന്നു. ഇന്ന് വീണ്ടും അവധി നീട്ടിക്കൊടുക്കാൻ അപേക്ഷ നൽകവെയാണ് സസ്പെൻഷൻ നടപടി.


