തൃശൂർ: തൃശൂർ പൂരം നടത്തിപ്പിലെ പ്രദർശനനഗരിയുടെ തറവാടകയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം പ്രതിനിധികളും കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളുമായുള്ള ഓൺലൈൻ യോഗത്തിലാണ് പരിഹാരമായത്.
കഴിഞ്ഞ വർഷം നിശ്ചയിച്ച 42 ലക്ഷം അടിസ്ഥാന നിരക്കായി കണക്കാക്കി എട്ട് ശതമാനം വർധനയാണ് ധാരണയായത്. മുഖ്യമന്ത്രിയുടെ നിർദേശം ദേവസ്വങ്ങൾ അംഗീകരിച്ചു. വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം പൂരം നടത്തണമെന്ന് നിർദേശിച്ച മുഖ്യമന്ത്രി മറ്റു കാര്യങ്ങൾ പൂരത്തിനുശേഷം തീരുമാനിക്കാമെന്ന് വ്യക്തമാക്കി.
നിർദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതംചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണപ്രകാരം പൂരം ഭംഗിയായി നടത്തണം. ഇതിൽ വിവാദം പാടില്ല. നേരത്തേ 39 ലക്ഷമായിരുന്ന തറവാടക കഴിഞ്ഞ വർഷമാണ് 42 ലക്ഷമാക്കി വർധിപ്പിച്ചത്. ഇത്തവണ 1.80 കോടിയും ജി.എസ്.ടി അടക്കം 2.20 കോടി വേണമെന്ന് ബോർഡ് ആവശ്യപ്പെട്ടതാണ് വിവാദത്തിലായത്.
ജനുവരി നാലിന് ഹൈകോടതി കേസ് പരിഗണിക്കാനിരിക്കെ നിരക്ക് നിശ്ചയിച്ചത് സർക്കാർ അറിയിക്കും. മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രിക്ക് നന്ദി പറയുന്നതായും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു.
There is no ads to display, Please add some