തിരുവനന്തപുരം: തിയേറ്ററുകളില്‍ ലഘുഭക്ഷണത്തിന് അമിതവില ഈടാക്കുന്നതില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ എക്സിക്യൂട്ടീവ് അംഗം സുരേഷ് ഷേണായ് രംഗത്ത്. തങ്ങളെ മാത്രം ലക്ഷ്യമിട്ടാണ് പരിശോധനകളെന്നും ഉയര്‍ന്ന വില ഈടാക്കുന്ന മള്‍ട്ടിപ്ലക്സുകളെ ഒഴിവാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിയേറ്ററുകളില്‍ 99 രൂപയ്ക്ക് പോപ്കോണ്‍ നല്‍കാമെന്ന തരത്തില്‍ ഒരു തീരുമാനവും ഫിയോക്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

തിയേറ്ററുകളിലെ ഭക്ഷണവില നിയന്ത്രിക്കാന്‍ അസോസിയേഷന് അധികാരമില്ലെന്നും, പലയിടത്തും ഇവയുടെ നടത്തിപ്പ് മൂന്നാം കക്ഷികള്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നും സുരേഷ് ഷേണായ് വ്യക്തമാക്കി. കേരളത്തിലെ ഏകദേശം 750 സ്ക്രീനുകളില്‍ 600-650 എണ്ണവും ഫിയോക്കിന്റെ കീഴിലാണ്. അംഗീകൃത തിയേറ്ററുകളുടെ 50 മുതല്‍ 60 ശതമാനം വരെ പരിശോധിച്ച ഉദ്യോഗസ്ഥര്‍ വലിയ മള്‍ട്ടിപ്ലക്സുകളെ ഒഴിവാക്കി തങ്ങളെ മാത്രം ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു

തിയേറ്ററുകളിലെ ഭക്ഷണവില കൊള്ളയ്ക്കെതിരെ കര്‍ശന നടപടിയുടെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് ഉപഭോക്തൃ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. അമിതവില ഈടാക്കിയതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ 9 കേസുകള്‍ ഉടന്‍ തന്നെ ഉപഭോക്തൃ കോടതികളില്‍ എത്തും. 500 രൂപയോ 600 രൂപയോ പോപ്കോണിന് ഈടാക്കുകയും വില കുറയ്ക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.

പോപ്കോണ്‍, ചായ എന്നിവയുടെ തൂക്കത്തിലും അളവിലും ഉള്ള കൃത്രിമത്വം ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ക്ക് ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ ഇതുവരെ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1.62 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഡിഎസ്ഒമാര്‍ സര്‍ക്കാരിന് വേണ്ടി നേരിട്ട് ഉപഭോക്തൃ കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ മാത്രം പോപ്കോണ്‍ 99 രൂപയ്ക്ക് നല്‍കാമെന്ന തിയേറ്ററുകളുടെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ദിവസങ്ങള്‍ തെരഞ്ഞെടുത്തുള്ള ഇളവുകളില്‍ കാര്യമില്ലെന്നും എല്ലാ ദിവസവും വില കുറയ്ക്കണമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

