നിലപാടുകൾ കൊണ്ടും, വാർത്താ അവതരണ ശൈലികൊണ്ടും തിളങ്ങി നിന്ന റിപ്പോർട്ടർ ടിവിയിലെ കോ-ഓർഡിനേറ്റിങ്ങ് എഡിറ്റർ സുജയ പാർവതി രാജിവെച്ചു. കഴിഞ്ഞ ഒരാഴ്‌ചയായി സുജയ അവധിയിലായിരുന്നു. 2023 മുതൽ റിപ്പോർട്ടർ ടിവിയുടെ ഭാഗമായിരുന്നു. നേരത്തെ 24 ന്യൂസ് ചാനലിൽ നിന്നും രാജിവെച്ച ശേഷമാണു റിപ്പോർട്ടറിലേക്ക് എത്തിയത്.

പുതിയ തട്ടകം അനിൽ ആയിരുരിന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന ബിഗ് ടിവിയിലേക്കെന്നാണു സുജയയുമായി അടുത്ത വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. റിപ്പോർട്ടർ ടിവിയെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച മാധ്യമ പ്രവർത്തകയാണു സുജയ. മോണിങ്ങ് ഷോയ്ക്കു ഒപ്പം ഗുഡ് ഈവനിങ് ഷോ നിലവിൽ സുജയ അവതരിപ്പിച്ചിരുന്നു.
സുജയ രാജി വെച്ച് ഇറങ്ങുന്നതു റിപ്പോർട്ടർ ടിവിയെ സാരമായി ബാധിച്ചേക്കും. ഉണ്ണി ബാലകൃഷ്‌ണൻ പോയതോടെ സുജയ പാർവ്വതിയുടെ മികവിലാണു മീറ്റ് ദി എഡിറ്റർ ഷോ നിലനിൽക്കുന്നത്. മാധ്യമ പ്രവർത്തകർ അവരുടെ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ടാണു റിപ്പോർട്ടറിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. ഏഷ്യാനെറ്റിലേക്കു ചേക്കേറിയ ഉണ്ണി ബാലകൃഷ്ണനു പകരക്കാരനായി വന്ന ജിമ്മി ജെയിംസ് അത്ര ശോഭിക്കുന്നില്ലെന്നാണു വിലയിരുത്തൽ.
അരുൺ കുമാറിൻ്റെയും സ്‌മൃതി പരുത്തിക്കാടിനും വേണ്ടത്ര ജനപ്രീതിയില്ല. സുജയ പാർവതി ബി.ജെ.പി അനുകൂല നിലപാട് ഉയർത്തിപ്പിക്കുന്ന മാധ്യമപ്രവർത്തകയാണ്. സുജയ രാജി വെക്കുന്നതോടെ ഈ ബാലൻസിങ് നഷ്ടമാകുമെന്നതാണു റിപ്പോർട്ടറിനുള്ള പ്രധാന വെല്ലുവിളി. സുജയ പോകുന്നതോടെ റിപ്പോർട്ടർ മാനേജ്മെന്റ് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

