പാലാ: കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 18കാരൻ മരിച്ചു. ഏറ്റുമാനൂർ കോതനല്ലൂർ കുതിരക്കുന്നേൽ കെ.ആർ പ്രണവ് (18) ആണ് കൊച്ചിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടർചികിത്സയിൽ കഴിയവേ മരിച്ചത്. വിദ്യാർത്ഥിയുടെ അമ്മയുടെ പരാതിയിൽ കുട്ടിയെ ചികിത്സിച്ച ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിലെ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ പാലാ പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു വിദ്യാർത്ഥി. ഹോസ്‌റ്റലിൽ വച്ച് സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ വീണ് കഴിഞ്ഞ സെപ്‌തംബർ 22ന് വിദ്യാർത്ഥിയുടെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. തുടർന്ന് ഹോസ്‌റ്റൽ അധികൃതർ വിദ്യാർത്ഥിയെ ചേർപ്പുങ്കലിലെ ആശുപത്രിയിലെത്തിച്ചു. സംഭവദിവസം വൈകിട്ട് ആശുപത്രിയിൽ ചികിത്സയ്ക്കിടെ അധികൃതർ നൽകിയ കുത്തിവെയ്‌പിനെ തുടർന്ന് വിദ്യാർത്ഥി കോമയിലായെന്നാണ് പരാതി.

തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച പ്രണവിനെ വിദഗ്‌ധ ചികിത്സയ്ക്കായി പാലായിലെ മെഡിസിറ്റി അധികൃതർ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ തുടരുന്നതിനിടെ വ്യാഴം വൈകിട്ടോടെ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റുമോർട്ടത്തിന് ശേഷം കോതനല്ലൂരിൽ അമ്മയുടെ വീട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ കുനമ്മാവിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. മുൻ കെഎസ്ഇബി എഇ ആയിരുന്ന കൊച്ചി കുനമ്മാവ് പാടത്തുപറമ്പിൽ പരേതനായ കെ കെ രാ ജു- പി എസ് പ്യാരി ദമ്പതികളുടെ ഏക മകനാണ് പ്രണവ്. സഹോദരി: പ്രാർഥന.

Leave a Reply

Your email address will not be published. Required fields are marked *