വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ ജൂലൈ 30 മുതൽ ഇന്നലെ വൈകുന്നേരം 5 മണി വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അൻപത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അൻപത്തിരണ്ടായിരത്തി തൊള്ളായിരത്തി നാൽപത്തി രണ്ട് രൂപ.

പോർട്ടൽ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആർഎഫ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. അതിൽ 2018 ആഗസ്ത് മുതൽ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്ത്തമാക്കി.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരും അധ്യാപകരും സംഭാവന നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച സർക്കാർ അഭ്യർത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു.

സർക്കാർ ജീവനക്കാരും പൊതു മേഖലാ സ്‌ഥാപനങ്ങളിലും എയ്‌ഡഡ് സ്കൂ‌ൾ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന ഓരോ തുകയും വയനാടിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.

സംഘടനാ ഫെഡറേഷനുകളുടെ നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. അതനുസരിച്ച് കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നൽകും എന്നാണ് പൊതുവിൽ ധാരണ. അതിൽ കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നൽകാം. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തിൽ നൽകാൻ കഴിയുന്നവർക്ക് അങ്ങനെയാകാം.

തവണകളായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടർന്നുള്ള രണ്ടു മാസങ്ങളിൽ രണ്ടു ദിവസത്തെ വീതവും ശമ്പളം നൽകി പങ്കാളികളാകാം. സന്നദ്ധത കാണിച്ച് സ്ഥാപനമേധാവികൾക്കാണ് സമ്മതപത്രം നൽകേണ്ടത്. സ്‌പാർക്ക് മുഖേന തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്‌തമാക്കി.

സർക്കാരിന്റെ നിർബന്ധമല്ല, ജീവകാരുണ്യവും മനുഷ്യത്വവും സ്ഫുരിക്കുന്ന മനസ്സാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും, സഹായം നൽകാൻ മുന്നോട്ടു വരുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *