തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 47 സ്കക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തിവെപ്പിച്ചു.
108 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. പാർസലിൽ ലേബൽ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഷവർമ്മ നിർമ്മാണത്തിൽ കടയുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഷവർമ്മ നിർമ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ശാസ്ത്രീയമായ ഷവർമ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്ത് മാർഗ നിർദ്ദേശങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണ്.
ഷവർമ്മ പാർസൽ നൽകുമ്പോൾ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളിൽ ഭക്ഷിക്കണം എന്ന നിർദ്ദേശം ഉൾപ്പെടുത്തി ലേബൽ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നൽകുക. എല്ലാ ഹോട്ടലുകളും റെസ്റ്റാറൻ്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീൻ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.
There is no ads to display, Please add some