മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച റോഷി അഗസ്റ്റിൻ, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിൻ്റെ നിലപാടെന്നും വ്യക്തമാക്കി.

ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കിടെ, സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ ചേര്‍ന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്തു.

ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എംപിമാർ പാർലമെൻ്റിൽ ഉന്നയിച്ചിരുന്നു. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed