കോഴിക്കോട് : റോബിൻ ബസ് സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. റോബിൻ ബസ് കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് നിരത്തിലിറങ്ങുന്നത്. മോട്ടോർ വാഹനം വകുപ്പ് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം തുടർച്ചായായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയെന്ന് ആരോപിച്ച് മോട്ടർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലർച്ചെ ഒന്നിന് കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വൻ പൊലീസ് സന്നാഹത്തോടെ പിന്തുടർന്നെത്തി മോട്ടർ വാഹന വകുപ്പിന്റെ നടപടി.
ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റി. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു. ഇതിന് പുറമെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.