തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടു മരണം. ഇടുക്കി മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരിച്ചത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി തിരയില്‍പ്പെട്ട് മരിച്ചു. മര്യനാട് അര്‍ത്തിയില്‍ പുരയിടത്തില്‍ അലോഷ്യസ് (45) ആണ് മരിച്ചത്.

മര്യനാട് മത്സ്യബന്ധനത്തിന് പോയപ്പോള്‍ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞായിരുന്നു അപകടം. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇടുക്കി താളുംകണ്ടത്ത് സനീഷ് പുഴയിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. മഴയായതിനാല്‍ പുഴയുടെ അതിര് കാണാന്‍ കഴിഞ്ഞില്ല. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആലപ്പുഴയില്‍ മരം വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആറാട്ടുവഴി സ്വദേശി ഉനൈസ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച മട്ടാഞ്ചേരിയില്‍ വെച്ചാണ് മരം വീണ് പരിക്കേറ്റത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

കനത്തമഴയില്‍ എറണാകുളം ജില്ലയില്‍ 31 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കുട്ടനാട്ടില്‍ എന്‍ഡിആര്‍എഫിനെ വിന്യസിച്ചു. കല്ലാര്‍പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചാക്കോച്ചന്‍പടി ഭാഗത്ത് അഞ്ചു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കുറ്റ്യാടി മെയ്‌ലോത്രയില്‍ ബാബുവിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീടു തകര്‍ന്നു.

കനത്ത മഴയെത്തുടർന്ന് പമ്പ അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പെരിയാർ, മൂവാറ്റുപുഴ ആറുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഭൂതത്താൻ കെട്ടിന്റെ 15 ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *