തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായി.
കേസിൽ തുറന്ന മനസ്സാണെന്നും ഒളിച്ചുകളിക്കാൻ ഇല്ലെന്നും രാഹുൽ പ്രതികരിച്ചു. ഏത് ചോദ്യത്തിനും മറുപടി നൽകാൻ തയ്യാറാണ്. തന്നെ വിളിപ്പിക്കുമോയെന്ന് അഭിഭാഷകൻ മുഖേന ചോദിച്ചപ്പോൾ അങ്ങനെയൊരു നീക്കമില്ലെന്ന് പറഞ്ഞ പോലീസ്, മാധ്യമങ്ങളോട് തന്നെ വിളിപ്പിക്കുമെന്ന് വിവരം നൽകി.
അതിൽ പോലീസിനോട് പരിഭവമുണ്ട്. നേരത്തെ ഏറ്റ പരിപാടികൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാവാതിരിക്കാമായിരുന്നെങ്കിലും അന്വേഷണത്തോട് സഹകരിക്കുക എന്ന മുമ്പേ പ്രഖ്യാപിച്ച് നിലപാടിന്റെ ഭാഗമായാണ് പരിപാടികൾ മാറ്റി വളരെ കുറിച്ച് സമയത്തിൽ നോട്ടീസ് നൽകിയിട്ടുപോലും ഹാജരാവുന്നതെന്നും രാഹുൽ വ്യക്തമാക്കി.
ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്ന ഉത്തമവിശ്വാസത്തിലാണ് പോലീസിന്റെ ചോദ്യങ്ങൾ മറുപടി പറയാൻ എത്തുന്നത്. പ്രതി ചേർക്കുകയാണെങ്കിൽ കോടതികളുണ്ടല്ലോ? കോടതികളിലും നിയമവ്യവസ്ഥയിലും വിശ്വാസമുള്ളതുകൊണ്ടല്ലേ ഈ നാട്ടിലെ പൗരന്മാരായി തുടരുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
