മലപ്പുറം: രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന വയനാട് മണ്ഡലത്തിലെ റോഡുകള്‍ ഉദ്ഘാടനം ചെയ്ത പി വി അന്‍വര്‍ എം എല്‍ എയുടെ നടപടി വിവാദത്തില്‍. ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് അന്‍വര്‍ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തത്.
പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന റോഡുകളുടെ(പി.എം.ജി.എസ്.വൈ) നിര്‍മ്മാണോദ്ഘാടനമാണ് എം.എൽ.എ നിർവഹിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലർ ലംഘിച്ചാണ് പി.വി അൻവർ റോഡുകൾ ഉദ്ഘാടനം ചെയ്തതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
പി വി അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ് ആരോപിച്ചു. പി എം ജി എസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍.
