കോട്ടയം: കിടങ്ങൂരിൽ മാനസിക ബുദ്ധിമുട്ട് നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിന് രണ്ടു വകുപ്പുകളിലായി 25 വർഷം കഠിന തടവും 55000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം കൂടി തടവ് അനുഭവിക്കാനും കോടതി ശിക്ഷിച്ചു. കടപ്ലാമറ്റം മാറിടം ഇട്ടിപ്പാറ ഭാഗത്ത് ചെറുതൊടുകമുകളേൽ അമൽ ഷാജി (24)യെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി സ്‌പെഷ്യൽ ജഡ്ജി വി.സതീഷ്‌കുമാർ ശിക്ഷിച്ചത്.
പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം കഠിനതടവും, അരലക്ഷം രൂപ പിഴയും ശിക്ഷ അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ ആറു മാസം തടവും വിധിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 354ഉം, പോക്‌സോ ആക്ടിലെ വകുപ്പുകൾ പ്രകാരവും അഞ്ചു വർഷം കഠിന തടവും 5000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവുമാണ് ശിക്ഷ. പിഴ അടയ്ക്കുകയാണ് എങ്കിൽ പിഴ തുക അതിജീവിതയ്ക്കു നൽകണമെന്നും കോടതി വിധിച്ചു.

2023 ലായിരുന്നു കേസിനാസ്പദമായ സംഭവം പുറത്ത് വന്നത്. സ്‌കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങിലാണ് 2022 ൽ നടന്ന പീഡനത്തിന്റെ വിവരം പുറത്ത് വന്നത്. പിതാവും മാതാവും മരിച്ചു പോയ പെൺകുട്ടി ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്. അവധി സമയത്ത് കുട്ടിയുടെ കിടങ്ങൂരിലെ ബന്ധുവീട്ടിലും സ്വന്തം വീട്ടിലും എത്തി നിന്നിരുന്നു. ഈ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് മൊഴി. ബന്ധുക്കൾ എല്ലാവരും പള്ളിയിൽ പോയ സമയത്താണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. തുടർന്ന്, പ്രോസിക്യൂഷൻ നേതൃത്വത്തിൽ വിചാരണ നടത്തിയാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ പോൾ കെ.എബ്രഹാം കോടതിയിൽ ഹാജരായി.

There is no ads to display, Please add some