നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കനത്ത പരാജയത്തിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെയും കണ്ടിട്ടില്ല.

നാളെ രാജിവയ്ക്കുമെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ നേരത്തെ നൽകിയിരുന്ന സൂചന. അതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനം അതിവേഗം പിണറായി രാജിവച്ചിരിക്കുന്നത്. മൂന്നാം തുടർ ഭരണം തേടി തെരഞ്ഞെടുപ്പ് നേരിട്ട പിണറായി സർക്കാർ വലിയ തിരിച്ചടിയാണ് നേരിട്ടത്. 102 സീറ്റ് നേടി യു ഡി എഫ് 10 വ‍ർഷങ്ങൾക്കിപ്പുറം അധികാരത്തിലേറിയപ്പോൾ എൽ ഡി എഫ് കേവലം 35 ലേക്ക് ഒതുങ്ങി. സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിറച്ച് ജയിച്ചപ്പോൾ മത്സരിച്ച 20 മന്ത്രിമാരിൽ 13 പേരും തോറ്റ ചരിത്രം കൂടി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *