പാലക്കാട്ടെ എലപ്പുള്ളിയിൽ മദ്യനിർമാണശാല വേണ്ടെന്ന് സിപിഐ. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയും പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വം പദ്ധതിക്കെതിരേ വലിയ വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് ചേർന്നത്. വിഷയത്തിൽ സിപിഐയുടെ ആശങ്ക എൽ.ഡി.എഫ് നേതൃത്വത്തെ അറിയിക്കും.
എലപ്പുള്ളിയിൽ മദ്യക്കമ്പനി തുടങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതിനുപിന്നാലെ സിപിഐയ്ക്കുള്ളിൽ എതിർപ്പ് ശക്തമായിരുന്നു. മദ്യക്കമ്പനിയുമായി ബന്ധപ്പെട്ട വിഷയം മുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പടെയുള്ള സിപിഐ നേതാക്കൾ വിമർശിച്ചിരുന്നു.

സർക്കാർ നൽകിയ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ്, ബിനോയ് വിശ്വത്തിന് നേരത്തേ കത്തുനൽകുകയും ചെയ്തു. എലപ്പുള്ളി പഞ്ചായത്തിൽ മദ്യക്കമ്പനി പ്രവർത്തനമാരംഭിക്കുന്നത് പാലക്കാട്ടെ കുടിവെള്ളപ്രശ്നം രൂക്ഷമാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. നിലവിലുള്ള തണ്ണീർത്തട നിയമങ്ങളെയും മാലിന്യസംസ്കരണ നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ടാവും കമ്പനി പ്രവർത്തിക്കുകയെന്നായിരുന്നു യോഗം വിലയിരുത്തിയത്.
അമിതമായ ജലചൂഷണത്തിനെതിരേ ലോകശ്രദ്ധ ആകർഷിച്ച പാലക്കാട്ടെ പ്ലാച്ചിമടയും പുതുശ്ശേരിയും എൽ.ഡി.എഫ്. മറക്കരുതെന്ന പരാമർശവും സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവിലുണ്ടായി. കൊക്കോകോളയുടെ ജലചൂഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരേ പ്ലാച്ചിമടയിലും പെപ്സിയുടെ ജലചൂഷണത്തിനെതിരേ പുതുശ്ശേരിയിലും വർഷങ്ങൾ നീണ്ടുനിന്ന ജനകീയസമരവും നിയമപോരാട്ടവും നടത്തിയിരുന്ന കാര്യം നിർവാഹകസമിതി യോഗത്തിൽ പരാമർശിക്കപ്പെട്ടിരുന്നു.

There is no ads to display, Please add some