ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കുശേഷമാണ് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ മഅ്ദനിയുടെ സ്വാധീനം ഉയർന്നതെന്ന് സിപിഎം നേതാവ് പി.ജയരാജൻ. ആർഎസ്എസ് മോഡലിൽ അബ്ദുൾ നാസർ മഅ്ദനി കേരളത്തിൽ സംഘടന വളർത്തിയെന്നും, കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളർത്തുന്ന തരത്തിൽ പ്രഭാഷണപരമ്പരകൾ സംഘടിപ്പിച്ചെന്നും ജയരാജൻ ആരോപിച്ചു.
പി ജയരാജൻ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റിനെയും മഅ്ദനിയെയും മുൻനിർത്തി മുസ്ലിം തീവ്രവാദത്തെക്കുറിച്ച് പരാമർശിക്കുന്നത്.
മഅ്ദനിയുടെ കേരള പര്യടനം മൂലം യുവാക്കൾ തീവ്രവാദപ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടെന്നും അതുകൊണ്ടാണ് മുസ്ലിം തീവ്രവാദപ്രവർത്തനത്തിന്റെ അംബാസിഡറായി ആളുകൾ മഅ്ദനിയെ വിശേഷിപ്പിക്കുന്നതെന്നും പുസ്തകത്തിൽ പറയുന്നു. സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഇതിനെതിരെ വിമർശനമുയർന്നുവന്നപ്പോഴാണ് ഐഎസ്എസ് പിരിച്ചുവിട്ട് കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) രൂപീകരിച്ചതെന്നും ജയരാജൻ ആരോപിച്ചു.
പൂന്തുറ കലാപത്തിൽ ഐഎസ്എസ്സിന്റെയും ആർഎസ്എസ്സിന്റെയും പങ്ക് വ്യക്തമാണ്. ഈ ഘട്ടത്തിൽ തിരുവനന്തപുരം എയർപോർട്ടിലേക്ക് ഐഎസ്എസ് നടത്തിയ മാർച്ചിലെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും അങ്ങേയറ്റം പ്രകോപനപരമായിരുന്നു. പൂന്തുറ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരവിന്ദാക്ഷ മേനോൻ കമ്മീഷൻ പ്രദേശത്ത് വൻതോതിലുള്ള ആയുധശേഖരം ഉണ്ടായിരുന്നതായും അത് പോലീസിന് കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കൾ അധിവസിക്കുന്ന ജോനക പൂന്തുറയിൽ ഐഎസ്എസ്സും അക്രമപദ്ധതികൾ കാലേക്കൂട്ടി ആവിഷ്‌കരിച്ചിരുന്നു’ പി. ജയരാജന്റെ കുറിച്ചു.
മഅ്ദനി തുടങ്ങിവച്ച തീവ്ര മുസ്ലിം വികാരങ്ങൾ അദ്ദേഹത്തിൽത്തന്നെ കെട്ടടങ്ങിയതിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നു. സി.പി.എം സംസ്ഥാന കമ്മറ്റിയംഗമായ പി. ജയരാജൻ നിലവിൽ ഖാദി ബോർഡ് ചെയർമാൻ കൂടിയാണ്.
There is no ads to display, Please add some