തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയിൽ വമ്പൻ കുതിപ്പ്. 23 ലക്ഷത്തിന് മേല്‍ ടിക്കറ്റുകളാണ് ഇതിനോടകം വിറ്റു തീര്‍ന്നിട്ടുണ്ട്. നിലവില്‍ അച്ചടിച്ച ടിക്കറ്റുകളില്‍ ഭൂരിഭാഗവും പൊതുജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. മുന്‍ വര്‍ഷം ഓണം ബമ്പറിന്റെ ഒന്നാം സമ്മാനാര്‍ഹരായത് തിരുപ്പൂര്‍ സ്വദേശികളായ നാലുപേരാണ്.

കോഴിക്കോടാണ് ഈ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും ലഭിച്ചിരുന്നു. തിരുവനന്തപുരം, എറണാകുളം,മലപ്പുറം,കോട്ടയം,വൈക്കം, ആലപ്പുഴ,കായംകുളം,പാലക്കാട്,കണ്ണൂര്‍,വയനാട്,ഗുരുവായൂര്‍,തൃശൂര്‍,പത്തനംതിട്ട എന്നിവിടങ്ങളിലാണിത്.

ഇക്കുറി പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ് ഭാഷയിലും ഓണ്‍ലൈന്‍-വാട്‌സ്ആപ്പ് ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്.

500 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്.

തിരുവോണം ബമ്പര്‍ 2024 വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ (ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാല് മണി വരെ ഉള്ള കണക്കനുസരിച്ചു) വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളില്‍ ആറ് ലക്ഷത്തിലധികം ടിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ ലോട്ടറി വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു.

അത്തരത്തില്‍ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed