ദേശീയപാത 66-ൽ സജ്ജീകരിച്ച സിസിടിവി ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി. ടോൾപിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണിൽപ്പെടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയിൽ ടോൾപിരിവ് ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. മലപ്പുറം ജില്ലയിലെ രണ്ടു റീച്ചുകളിലായി 116 ക്യാമറകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയും ഇടിമുഴിക്കൽ മുതൽ വളാഞ്ചേരി വരെയും 58 വീതം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ അറുപതോളം 360 ഡിഗ്രി ക്യാമറകളാണ്. വളാഞ്ചേരി-കാപ്പിരിക്കാട് വരെ 29 ക്യാമറകൾ ചുറ്റുംതിരിഞ്ഞ് ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന 360 ഡിഗ്രി ക്യാമറകളാണ്. ഒരോ ഒരുകിലോമീറ്ററിലും ക്യാമറകളുണ്ടാകും. കൂടാതെ ജങ്ഷനുകളിലും എൻട്രി, എക്സിറ്റ് പോയിന്റുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

വെട്ടിച്ചിറയിലും കുറ്റിപ്പുറത്തുമായി രണ്ടു കൺട്രോൾറൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറാദൃശ്യങ്ങൾ നിരീക്ഷിക്കാൻ 24 മണിക്കൂറും ജീവനക്കാരുണ്ടാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദൃശ്യങ്ങൾ മോട്ടോർവാഹന വകുപ്പിന് കൈമാറും. വാഹനങ്ങളുടെ വേഗത പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ ഓരോ അഞ്ചു കിലോമീറ്ററിലുമുണ്ടാകും. അമിതവേഗതയിലാണ് വാഹനമെങ്കിൽ ചുവപ്പ് അക്കത്തിൽ വേഗത സ്ക്രീനിൽ തെളിയും.

ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പ്
ദേശീയപാതയിലൂടെ തോന്നിയപോലെ വാഹനം ഓടിക്കുമ്പോൾ മാത്രമല്ല ക്യാമറകൾ പണിതരുക. മൂന്നുമിനിറ്റിൽ കൂടുതൽ വാഹനം പാതയിൽ എവിടെയെങ്കിലും നിർത്തിയിട്ടാലും ക്യാമറയിൽ കുടുങ്ങും. അമിതവേഗം, ട്രാക്ക് തെറ്റി ഓടിക്കൽ, സീറ്റ്ബെൽറ്റ് ധരിക്കാത്തത് തുടങ്ങിയവയെല്ലാം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കും.

വേഗം 100 അല്ല, 80
ആറുവരിപ്പാതയിൽ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ ആണെന്നുകരുതി കുതിച്ചുപായാൻ വരട്ടെ. ആദ്യഘട്ടത്തിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ അനുമതിയില്ല. നിലവിൽ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എൻട്രി, എക്‌സിറ്റ് പോയിന്റുകളിൽ പരമാവധി വേഗം 50 കിലോമീറ്ററാണ്.

