നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിക്കാൻ നടപടികൾ തുടങ്ങി പൊലീസ്. ഫോറൻസിക് സംഘമുൾപ്പെടെയുള്ള വിദഗ്ധർ സ്ഥലത്തെത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

സമാധി മണ്ഡപം മറച്ച പൊലീസ്, നടപടികൾ തുടങ്ങി. പ്രതിഷേധം കണക്കിലെടുത്ത് രാവിലെ10 മണിക്ക് മുമ്പ് കല്ലറ തുറന്ന് നടപടി പൂർത്തിയാക്കാനാണ് പൊലീസിൻ്റെ തീരുമാനം. മൃതദേഹം പുറത്തെടുത്താൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആർഡിഒ എത്തിയാൽ ഉടൻ സമാധി പൊളിക്കും. അതേസമയം, മാധ്യമങ്ങളെ സ്ഥലത്ത് നിന്നും മാറ്റി.

കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. അതേസമയം, കല്ലറ തുറന്ന് പരിശോധിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ സ്വാമിയുടെ കുടുംബം.

അതേ സമയം, അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിക്കുകയാണ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യ ശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *