ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം തോല്‍വിയെ കുറിച്ചുള്ള തോമസ് ഐസകിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്. ഇക്കാലത്ത് നടത്തേണ്ട സ്വയം വിമര്‍ശനമാണ് തോമസ് ഐസക് നടത്തിയതെന്നും ഐസക് പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട മാത്രം കാര്യങ്ങളല്ലെന്നും പൊതുജനം അറിയേണ്ടതാണെന്നും ജി സുധാകരന് പറഞ്ഞു. നേരത്തെ അദ്ദേഹം അത് ചെയ്തിരുന്നെങ്കില്‍ തന്നെ പോലുളളവര്‍ക്ക് പാര്‍ട്ടി വിടേണ്ടിവരില്ലായിരുന്നെന്നും സുധാകരന് പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നില്ക്കക്കള്ളി ഇല്ലാത്ത സ്ഥിതിയാണെന്നും ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഐസക്കിന് ധാര്‍മികവും മാനസികവുമായ വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താനും തോമസ് ഐസക്കും തമ്മില്‍ മാസങ്ങളോ വര്‍ഷങ്ങളോ ആയി യാതൊരുവിധ ആശയവിനിമയവും നടക്കാറില്ലെന്നും സുധാകരന് പറഞ്ഞു. ഒരു ചെറിയവിഭാഗത്തിന് സുഖമായി ജീവിക്കാനുള്ള ഉപാധിയായി പാര്‍ട്ടിമാറി. ആലപ്പുഴയിലാണ് സിപിഎമ്മില്‍ ഒരുവിഭാഗം ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. അവരുടെ ആക്രമണകേന്ദ്രം താനായിരുന്നു. ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്റെ അച്ഛനെ വിളിച്ചപ്പോള്‍ പിണറായി അത് തിരുത്തിയോയെന്നും ജി സുധാകരന് ചോദിച്ചു. പാര്‍ട്ടിയില്‍ തെറ്റുതിരുത്തുന്ന നേതൃത്വമില്ല. സ്വന്തം പിതാവിനെ ബഹുമാനിക്കുന്ന ഒരാള്‍ മറ്റൊരാളുടെ പിതാവിനെ അധിക്ഷേപിക്കില്ലെന്നും സുധാകരന് പറഞ്ഞു.

2021ന് ശേഷം പിണറായി വേറെ രീതിയാണ് പിന്തുടരുന്നത്. അദ്ദേഹം പുതിയ പിണറായിയായി. തന്നെ ചെറ്റയെന്ന് വിളിച്ചില്ലേ?. അതിനൊന്നും താന്‍ മറുപടി പറയാന്‍ പോയില്ല. പിണറായിക്ക് എന്തുദര്ശനമാണ് ഉള്ളത്. താന്‍ കോണ്‍ഗ്രസിന്റെ ചെളിക്കുണ്ടില്‍ പോയി വീണുവെന്നാണ് ആരോപിച്ചത്. തമിഴ്നാട്, ബംഗാള്‍, ത്രിപുര, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസുമായി ചേര്‍ന്നാണ് സിപിഎം മത്സരിക്കുന്നത്. സിപിഎമ്മിനും സിപിഐക്കും പാര്‍ലമെന്റില്‍ ലഭിച്ച ആകെ ആറ് സീറ്റുകളില്‍ അഞ്ചും കോണ്‍ഗ്രസിന്റെ പിന്തുണയോടെ ലഭിച്ചതാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി. പേരും കൊടിയുമല്ലാതെ സിപിഎമ്മില്‍ മാര്‍ക്സിറ്റ് വിമര്‍ശനത്തില്‍ എന്തുവിശകലനമാണ് നടക്കുന്നത്. നടത്താന്‍ അറിയുന്ന ഐസക് പോലും ആദ്യമായിട്ടാണ് പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം നടത്തുന്നതെന്നും സുധാകരന് പറഞ്ഞു

